Thursday, January 31, 2013

പെരിങ്ങമ്മല ദേശചരിത്രം


ദേശചരിത്രം

      പെരിങ്ങമ്മല അഥവാ പെരുംതേന്‍മല ഒരു നൂറ്റാണ്ടിനപ്പുറം നിബിഡമായ വനപ്രദേശമായിരുന്നു. ‘കാണിക്കാര്‍‘ എന്ന പേരില്‍ ഇന്നറിയപ്പെടുന്ന ഗിരിവര്‍ഗ്ഗസമൂഹമാണ് ഈ പ്രദേശത്തെ ആദിമനിവാസികള്‍. ഇവരുടെ പഴമക്കാരില്‍ നിന്നും കൈമാറിക്കിട്ടിയ വിവരമനുസരിച്ച് ‘കാണി’ എന്ന പദം അവരുടെ ഭൂമിയുടെ അളവിനെ കാണിക്കുന്നതാണ്. ഞാറനീലി എന്ന സ്ഥലം മറ്റു കാണിസങ്കേതങ്ങളുമായി ബന്ധിപ്പിച്ചിരുന്ന കേന്ദ്രസ്ഥാനമാണെന്നു പറയപ്പെടുന്നു. ഇവര്‍ വനവിഭവങ്ങള്‍ ശേഖരിച്ച് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക് കാഴ്ചവച്ചിരുന്നുവത്രേ. രണ്ടു കൊല്ലത്തിലധികം കാലം ഒരിടത്തും ഇവര്‍ സ്ഥിരമായി താമസിച്ചിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. ഒരു നൂറ്റാണ്ടിനുമുമ്പ് കിളിമാനൂര്‍, ആറ്റിങ്ങല്‍, വര്‍ക്കല, ചിറയിന്‍കീഴ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും കാര്‍ഷികവൃത്തി ലക്ഷ്യമാക്കി വന്ന സവര്‍ണ്ണഹിന്ദുക്കളും, പള്ളിക്കല്‍, വെമ്പായം, നെടുമങ്ങാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് മലഞ്ചരക്കുവ്യാപാരത്തിനായി എത്തിയ ഇസ്ലാംമതവിശ്വാസികളും തോട്ടംമേഖലയുമായി ബന്ധപ്പെട്ട് വന്ന ക്രിസ്തുമതവിശ്വാസികളും കാലക്രമേണ ഈ പഞ്ചായത്തിന്റെ മധ്യഭാഗത്തുള്ള ഭൂപ്രദേശത്ത് സ്ഥിരതാമസക്കാരായി മാറി. ചിപ്പന്‍ചിറ മുതല്‍ വടക്കോട്ട് തിരുവനന്തപുരം-ചെങ്കോട്ട റോഡിനു കിഴക്കുവശം അരിപ്പ വരെയുള്ള വനഭൂമി 1948-ല്‍ സര്‍ക്കാര്‍ ‘ഭക്ഷ്യോല്പാദന’ മേഖലയായി പ്രഖ്യാപിക്കുകയും അഞ്ചേക്കര്‍ വരെ ബ്ലോക്കുകളായി 5 രൂപ ഫീസ്സൊടുക്കി അപേക്ഷിച്ച സന്നദ്ധരായ കര്‍ഷകര്‍ക്ക്, മരിച്ചീനി, നെല്ല് എന്നിവ മാത്രം കൃഷിചെയ്യാം എന്ന കര്‍ശനവ്യവസഥയില്‍ വിട്ടുകൊടുക്കയും ചെയ്തു. മരങ്ങള്‍ മുറിച്ചുമാറ്റാനോ ദീര്‍ഘകാലവിളകള്‍വച്ചു പിടിപ്പിക്കാനോ അനുവാദമുണ്ടായിരുന്നില്ല. 1959-60-ല്‍ അന്നത്തെ ഗവണ്‍മെന്റ് പ്രസ്തുത പുതുവില്‍ ഭൂമി കര്‍ഷകര്‍ക്കു പതിച്ചുനല്‍കുന്നതിന് തീരുമാനിച്ചു.  അതിനുശേഷമാണ് ഈ പ്രദേശങ്ങളില്‍ വീടുവെച്ച് ആളുകള്‍ സ്ഥിരതാമസക്കാരായത്. ഗിരിവര്‍ഗ്ഗക്കാരായ കാണിക്കാരുടെ സഹായത്തോടെ ബ്രൈമൂര്‍, പൊന്മുടി, മെര്‍ക്കിസ്റ്റണ്‍, ഇന്‍വര്‍ക്കാര്‍ഡ്, ചീനിക്കാല എന്നീ മലമുകള്‍പ്രദേശങ്ങളില്‍ യുറോപ്യന്‍മാര്‍  സാഹസികമായി എത്തിചേരുകയും തേയില, കുരുമുളക്, ഏലം, റബ്ബര്‍തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കുകയും എസ്റ്റേറ്റ് ബംഗ്ളാവുകള്‍ പണിതു രാജകീയജീവിതം നയിക്കാന്‍ തുടങ്ങുകയും ചെയ്തു. പ്രസ്തുത പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുതിരപ്പാതകള്‍ ഇപ്പോഴും ചരിത്രാവശിഷ്ടങ്ങളായി തെളിഞ്ഞുകിടക്കുന്നു. പഞ്ചായത്തിലെ കാര്‍ഷിക, ജനവാസ മേഖലകളില്‍ നിന്നും ഏകദേശം 25 കി.മീ കിഴക്കു മാറിയുള്ള സഹ്യപര്‍വ്വത ചെരിവുകളിലാണ് ഈ എസ്റ്റേറ്റുകള്‍ സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടില്‍ നിന്നും കൊണ്ടു വന്ന തമിഴ് വംശജരായ പാവപ്പെട്ട തൊഴിലാളികളെ ദൂരിതപുര്‍ണ്ണമായ സാഹചര്യങ്ങളില്‍ അടിമകളെപ്പോലെ പണിയെടുപ്പിക്കുകയായിരുന്നു വെള്ളക്കാര്‍. 1880-86 കാലഘട്ടത്തിലാണ് ഈ എസ്റ്റേറ്റുകള്‍ സ്ഥാപിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. 1886-ല്‍ മാര്‍സിലോ മദാമ്മയാണ് മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് സ്ഥാപിച്ചത് (ഇന്ന് ‘ജയശ്രീ റ്റീ എസ്റ്റേറ്റ് എന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നു) 1886 ല്‍ തന്നെയാണ് പൊന്‍മുടിയില്‍ “ പൊന്‍മുടി റ്റീ റബ്ബര്‍ കമ്പനി ലിമിറ്റഡ് ഇംഗ്ലണ്ട് ”എന്ന എസ്റ്റേറ്റ് സ്ഥാപിച്ചത്. കമ്പിമൂട്ടില്‍ നിന്നും 14 കി.മീ കിഴക്കുമാറി “ഇന്‍വര്‍കാട്” (പൊന്‍മുടി) തേയില, റബ്ബര്‍തോട്ടങ്ങള്‍ സ്ഥിതി ചെയ്യുന്നു. 1950-കളില്‍ ഇവിടെ മലമ്പനി പടര്‍ന്നുപിടിച്ചു ധാരാളം പേര്‍ മരണമടഞ്ഞു.1992-ല്‍ വ്യോമസേനയുടെ പരിശീലനവിമാനം ഇതിനടുത്തുള്ള മരുത്വാമലയില്‍ തകര്‍ന്നുവീണിരുന്നു. ഇന്‍വര്‍കാടില്‍ നിന്നും ഏതാനും കിലോമീറ്റര്‍ കിഴക്കായി സഞ്ചരിച്ചാല്‍ ചീനക്കാല എന്ന സ്ഥലത്തെത്താം. ഇവിടെ ബ്രിട്ടീഷുകാരുടെ തേയിലത്തോട്ടമായിരുന്നു. 70 കൊല്ലംമുമ്പ്  മലമ്പനി പടര്‍ന്നുപിടിച്ച് നിരവധി പേര്‍ മരണമടയുകയും, അവശേഷിച്ചവര്‍ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുകമുണ്ടായി.  പൊന്‍മുടി അപ്പര്‍സാനിട്ടോറിയത്തില്‍ കാണപ്പെടുന്ന തകര്‍ന്നടിഞ്ഞ കൊട്ടാരാവശിഷ്ടങ്ങളും, സമീപത്ത് കാണുന്ന “സീത കുളിച്ച കുളവും” പൊന്‍മുടിയെ  പഴമയിലേക്ക് നയിക്കുന്നു. 1940 കളില്‍ തേയിലത്തോട്ടം മേഖലയില്‍ കൂലികൂടുതലിനും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ക്കും വേണ്ടി നിരവധി സമരങ്ങള്‍ നടന്നതായി മനസ്സിലാക്കാം. 1952-ല്‍ ബ്രിട്ടീഷുകാര്‍ തോട്ടം നായിഡുമാര്‍ക്ക് വിറ്റു. 1954-ല്‍ അര്‍ഹതപ്പെട്ട കൂലിക്കുവേണ്ടിയാരംഭിച്ച തൊഴില്‍ സമരം അടിച്ചമര്‍ത്താന്‍ തോട്ടമുടമകള്‍ പോലീസിനെ ഉപയോഗിച്ച് കൊടിയമര്‍ദ്ദനം അഴിച്ചുവിടുകയും സമരം അക്രമാസക്തമാവുകയും അവസാനം പോലീസ് വെടിവയ്പില്‍ കലാശിക്കുകയും ചെയ്തു. ശ്രീമുലം പ്രജാസഭയിലേക്ക് പെരിങ്ങമല പ്രദേശമുള്‍പ്പെടുന്ന ആനാട് മുറി, പാലോട് പകുതി, പ്രജാമണ്ഡലത്തെ പ്രതിനിധീകരിച്ച് 1945-ല്‍ എസ്.ജെ നായര്‍ തെരഞ്ഞെടുക്കപ്പെട്ടു.

No comments:

Post a Comment