Thursday, January 31, 2013

പെരിങ്ങമ്മല

പെരിങ്ങമ്മല

         തിരുവനന്തപുരത്തിന് കിഴക്കുഭാഗത്ത് വനങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പഞ്ചായത്താണ് പെരിങ്ങമ്മല പഞ്ചായത്ത്. ജില്ലയിലെ ഏറ്റവും വിസ്തീര്‍ണ്ണമുള്ള പഞ്ചായത്താണ് പെരിങ്ങമല. സഹ്യപര്‍വ്വതത്തിന്റെ ഓരപ്രദേശത്ത് പടിഞ്ഞാറേക്കു ചരുവോടുകൂടി പൊന്‍മുടി മുതല്‍ കൊച്ചരിപ്പ് വരെ തെക്കുവടക്കായി വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഒരു മലയോര ഗ്രാമപ്രദേശമാണ് പെരിങ്ങമ്മല. ഈ പഞ്ചായത്തിന്റെ കിഴക്കുഭാഗത്തായി അംബാസമുദ്രം (തമിഴ്നാട്) സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് ഭാഗത്തായി തിരുവനന്തപുരം-ചെങ്കോട്ട റോഡും ചിതറ, പാങ്ങോട്, നന്ദിയോട് പഞ്ചായത്തുകളും അതിര്‍ത്തി പങ്കിടുന്നു. തെക്ക് ഭാഗത്ത് നന്ദിയോട്-തൊളിക്കോട്-വിതുര പഞ്ചായത്തുകളും വടക്ക് ഭാഗത്ത് കുളത്തൂപ്പുഴ പഞ്ചായത്തുമാണ്. 21600 ഹെക്ടറാണ് പെരിങ്ങമല പഞ്ചായത്തിന്റെ ആകെ വിസ്തൃതി. ഇതില്‍ 16925 ഹെക്ടര്‍ വനഭൂമിയാണ്. ബാക്കിയുള്ള പ്രദേശത്ത് 125 ഹെക്ടറില്‍ ബൊട്ടാണിക് ഗാര്‍ഡനും 4550 ഹെക്ടറില്‍ കൃഷിഭൂമിയുമാണ്. ഭൂപ്രകൃതിയനുസരിച്ച് പെരിങ്ങമല പഞ്ചായത്തിനെ കുന്നുകള്‍, താഴ്വരകള്‍, സമതലം, വയലുകള്‍-ഏലാകള്‍, ചതുപ്പുകള്‍ എന്നിങ്ങനെ അഞ്ചായി തിരിക്കാം. കേരളത്തില്‍ മലയോര കാര്‍ഷികവിഭവങ്ങള്‍ക്ക് പേരുകേട്ട നെടുമങ്ങാട് താലൂക്കില്‍ ഉള്‍പ്പെട്ടതാണ് പെരിങ്ങമ്മല പഞ്ചായത്ത്. ധാന്യങ്ങളും നാണ്യവിളകളും കിഴങ്ങുവര്‍ഗ്ഗങ്ങളും വ്യാപകമായി കൃഷി ചെയതുവരുന്ന ഈ പഞ്ചായത്ത് 21600 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു.സമതലങ്ങള്‍ കുറഞ്ഞും കുന്നിന്‍പുറങ്ങളും ചരിവുകളും താഴ്വരകളും ഏറിയുമാണ് ഭൂമിയുടെ കിടപ്പ്. മഴയും മറ്റു പ്രകൃതിദത്ത ജലസ്രോതസ്സുകളുടെ സാന്നിധ്യവും കൊണ്ട് അനുഗ്രഹീതമാണ് ഭൂമി. പുഴകളും തോടുകളും ഇതര ജലാശയങ്ങളുമുള്‍പ്പെടെ ഇരുപത്തേഴ് ജലമാര്‍ഗ്ഗങ്ങള്‍ ഈ ഗ്രാമത്തെ ജലസമൃദ്ധമാക്കുന്നു. പതിനായിരത്തിലധികം ഹെക്ടര്‍ പ്രകൃതിദത്ത നിബിഡവനങ്ങളും രണ്ടായിരത്തോളം ഹെക്ടര്‍ വനവല്‍കൃതമേഖലകളും ചേര്‍ന്ന ഭൂമി എല്ലാത്തരം ക്യഷിക്കുമനുയോജ്യമായ ജൈവാന്തരീക്ഷമൊരുക്കുന്നു. ഇത്രയധികം വൈവിധ്യമാര്‍ന്ന സസ്സ്യജനുസ്സുകള്‍ നിറഞ്ഞ പ്രദേശം ലോകത്ത് തന്നെ വിരളമാണ്. അത്യപൂര്‍വ്വഭാഗങ്ങളില്‍ മാത്രം വളരുന്ന ട്രോപ്പിക്കല്‍ സസ്യങ്ങളുടെ വ്യാപകസാന്നിധ്യം ഇവിടെയുണ്ട്. കരിമണ്ണും ചരല്‍ കലര്‍ന്ന മണ്ണും പശിമരാശി മണ്ണും ഉള്‍പ്പെട്ടതാണ് ഉപരിതലഭുമി. തെക്കന്‍ കേരളത്തിലെ ഒരു പ്രധാന അടയ്ക്കാ ഉല്‍പാദനമേഖലയായിരുന്നു പെരിങ്ങമല പഞ്ചായത്ത്. തിരുവനന്തപുരത്തിന് കിഴക്കുഭാഗത്ത് വനങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പഞ്ചായത്താണ് പെരിങ്ങമ്മല പഞ്ചായത്ത്. പഞ്ചായത്തില്‍ ജനവാസമുണ്ടായിട്ട് 130 വര്‍ഷത്തോളമാകുന്നു. കൃഷിയും മൃഗസരംക്ഷണവുമായിരുന്നു പണ്ടുകാലത്തെ പ്രധാന തൊഴിലുകള്‍.   പെരിങ്ങമ്മല അഥവാ പെരുംതേന്‍മല ഒരു നൂറ്റാണ്ടിനപ്പുറം നിബിഡമായ വനപ്രദേശമായിരുന്നു. ‘കാണിക്കാര്‍‘ എന്ന പേരില്‍ ഇന്നറിയപ്പെടുന്ന ഗിരിവര്‍ഗ്ഗസമൂഹമാണ് ഈ പ്രദേശത്തെ ആദിമനിവാസികള്‍. ഒരു നൂറ്റാണ്ടിനുമുമ്പ് കിളിമാനൂര്‍, ആറ്റിങ്ങല്‍, വര്‍ക്കല, ചിറയിന്‍കീഴ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും കാര്‍ഷികവൃത്തി ലക്ഷ്യമാക്കി വന്ന സവര്‍ണ്ണഹിന്ദുക്കളും, പള്ളിക്കല്‍, വെമ്പായം, നെടുമങ്ങാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് മലഞ്ചരക്കുവ്യാപാരത്തിനായി എത്തിയ ഇസ്ലാം മതവിശ്വാസികളും തോട്ടംമേഖലയുമായി ബന്ധപ്പെട്ട് വന്ന ക്രിസ്തുമതവിശ്വാസികളും കാലക്രമേണ ഈ പഞ്ചായത്തിന്റെ മധ്യഭാഗത്തുള്ള ഭൂപ്രദേശത്ത് സ്ഥിരതാമസക്കാരായി മാറി. ചിപ്പന്‍ചിറ മുതല്‍ വടക്കോട്ട് തിരുവനന്തപുരം-ചെങ്കോട്ട റോഡിനു കിഴക്കുവശം അരിപ്പ വരെയുള്ള വനഭൂമി 1948-ല്‍ സര്‍ക്കാര്‍ ‘ഭക്ഷ്യോല്പാദന’ മേഖലയായി പ്രഖ്യാപിക്കുകയും അഞ്ചക്കര്‍ വരെ ബ്ലോക്കുകളായി 5 രൂപ ഫീസ്സൊടുക്കി അപേക്ഷിച്ച സന്നദ്ധരായ കര്‍ഷകര്‍ക്ക്, മരിച്ചീനി, നെല്ല് എന്നിവ മാത്രം കൃഷിചെയ്യാം എന്ന കര്‍ശനവ്യവസഥയില്‍ വിട്ടുകൊടുക്കയും ചെയ്തു. മരങ്ങള്‍ മുറിച്ചുമാറ്റാനോ ദീര്‍ഘകാലവിളകള്‍വച്ചു പിടിപ്പിക്കാനോ അനുവാദമുണ്ടായിരുന്നില്ല. 1959-60 ല്‍ അന്നത്തെ ഗവണ്‍മെന്റ് പ്രസ്തുത പുതുവില്‍ ഭൂമി കര്‍ഷകര്‍ക്കു പതിച്ചുനല്‍കുന്നതിന് തീരുമാനിച്ചു.  അതിനുശേഷമാണ് ഈ പ്രദേശങ്ങളില്‍ വീടുവെച്ച് ആളുകള്‍ സ്ഥിരതാമസക്കാരായത്. ഗിരിവര്‍ഗ്ഗക്കാരായ കാണിക്കാരുടെ സഹായത്തോടെ ബ്രൈമൂര്‍, പൊന്മുടി, മെര്‍ക്കിസ്റ്റണ്‍, ഇന്‍വര്‍ക്കാര്‍ഡ്, ചീനിക്കാല എന്നീ മലമുകള്‍പ്രദേശങ്ങളില്‍ യുറോപ്യന്‍മാര്‍  സാഹസികമായി എത്തിചേരുകയും തേയില, കുരുമുളക്, ഏലം, റബ്ബര്‍തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കുകയും എസ്റ്റേറ്റ് ബംഗ്ളാവുകള്‍ പണിതു രാജകീയജീവിതം നയിക്കാന്‍ തുടങ്ങുകയും ചെയ്തു. പ്രസ്തുത പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുതിരപ്പാതകള്‍ ഇപ്പോഴും ചരിത്രാവശിഷ്ടങ്ങളായി തെളിഞ്ഞുകിടക്കുന്നു, പഞ്ചായത്തിലെ കാര്‍ഷിക, ജനവാസ മേഖലകളില്‍ നിന്നും ഏകദേശം 25 കി.മീ കിഴക്കു മാറിയുള്ള സഹ്യപര്‍വ്വതചെരിവുകളിലാണ് ഈ എസ്റ്റേറ്റുകള്‍ സ്ഥിതി ചെയ്യുന്നത്.

No comments:

Post a Comment